തൃശൂർ: വാളയാറിൽ ആൾക്കൂട്ടമർദനത്തെത്തുടർന്നു മരിച്ച ഛത്തീസ്ഗഡ് സ്വദേശി റാം നാരായണ്‍ ബാഗേലിന്റെ മൃതദേഹം ഭാര്യയും മക്കളും സഹോദരനുംചേർന്ന് ഏറ്റുവാങ്ങി. തുടർന്ന് നെടുന്പാശേരി വിമാനത്താവളം വഴി രാവിലെ പതിനൊന്നോടെ മൃതദേഹവുമായി ബന്ധുക്കൾ റായ്പുരിലേക്കു യാത്രതിരിച്ചു. അവിടെനിന്ന് ആംബുലൻസിൽ ഛത്തീസ്ഗഡിലെ ഗ്രാമത്തിലെത്തിച്ചു. സംസ്ഥാന സർക്കാരാണു യാത്രാച്ചെലവുകൾ വഹിച്ചത്.
മരണവിവരമറിഞ്ഞ് ബന്ധുക്കൾ കേരളത്തിൽ എത്തിയിരുന്നെങ്കിലും തൃശൂർ മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരുന്ന മൃതദേഹം ഏറ്റുവാങ്ങാൻ ആദ്യം തയാറായിരുന്നില്ല. കുറ്റവാളികൾക്കെതിരേ നടപടിയും നഷ്ടപരിഹാരവും ആവശ്യപ്പെട്ടായിരുന്നു പ്രതിഷേധം. തുടർന്ന് മന്ത്രിയുടെ നേതൃത്വത്തിൽ ചർച്ചനടത്തി കുടുംബത്തെ ആശ്വസിപ്പിച്ചാണ് തുടർനടപടികൾ സ്വീകരിച്ചത്.
റാം നാരായന്റെ കുടുംബത്തിന് ഉചിതമായ നഷ്ടപരിഹാരം നൽകുന്ന കാര്യത്തിൽ തീരുമാനമായിരുന്നു. മന്ത്രിസഭായോഗത്തിൽ വിഷയം ചർച്ച ചെയ്തശേഷം നഷ്ടപരിഹാരം കൈമാറും.
കേസിൽ അഞ്ചു പ്രതികളെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. പ്രദേശവാസികളായ അനു, പ്രസാദ്, മുരളി, ആനന്ദൻ, ബിപിൻ എന്നിവരാണു പ്രതികൾ. ഇതിൽ ഒന്നും രണ്ടും പ്രതികൾ റാം നാരായന്റെ തലയിലും മുതുകിലും വടികൊണ്ടും കൈകൊണ്ടും അടിച്ചതായി പോലീസ് കണ്ടെത്തിയിരുന്നു. മൂന്നുമുതൽ അഞ്ചുവരെയുള്ള പ്രതികളും റാം നാരായണെ അടിക്കുകയും നിലത്തിട്ടുചവിട്ടുകയും ചെയ്തു. കേസിൽ പതിനഞ്ചോളം പേർക്കു പങ്കുള്ളതായി നേരത്തേ പോലീസ് പറഞ്ഞിരുന്നു. ഇവർക്കായി അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്.